സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചിരിക്കുന്നു. 30/09/2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്...
ഗ്രാമപഞ്ചായത്ത് ഭൂപടം

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിൽ സഹ്യപർവ്വതത്തിന്റെ മടിത്തട്ടിൽ തൃശൂർ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു ഭൂപ്രദേശമാണ് തെക്കുംകര. താരതമ്യേന ഉയർന്ന കുന്നിൻ പ്രദേശങ്ങളും തെക്ക് - പടിഞ്ഞാറ് ദിശയിലേക്ക് ചരിഞ്ഞു കിടക്കുന്ന പ്രദേശങ്ങളും അവയുടെ താഴ്വ‌ാരങ്ങളും ഉൾപ്പെട്ട ഈ പഞ്ചായത്ത് ഇപ്പോഴും അതിന്റെ ഗ്രാമീണ തനിമയും വിശുദ്ധിയും നിലനിർത്തുന്നു. എങ്കിലും പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ പഞ്ചായത്തിൽ ദൃശ്യമായി വരുന്നുണ്ട്. പാറക്കെട്ട് നിറഞ്ഞ കുന്നിൻപ്രദേശങ്ങളിൽ പാറമണ്ണും, ചരിഞ്ഞ പ്രദേശങ്ങളിൽ തവിട്ട് നിറം കലർന്ന മേൽമണ്ണിന്റെ ഘനം കുറഞ്ഞ ചെമ്മണ്ണും, താഴ്‌വാരങ്ങളിൽ കളിമണ്ണിന്റെ അംശം കൂടുതലുള്ള എക്കൽമണ്ണും വനപ്രദേശങ്ങളിൽ മിശ്രിതമയ വനമണ്ണുമാണ് കാണപ്പെടുന്നത്. സുപ്രസിദ്ധമായ വടക്കാഞ്ചേരി - വഴാനി പുഴ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു.ഈ ഗ്രാമപഞ്ചായത്തിന്റെ 2641.63 ഹെക്‌ടർ പ്രദേശം വനഭൂമിയാണ്. വാഴാനിഡാമും, പത്താഴകുണ്ട് ഡാമും അതിനോട് ചേർന്നുള്ള വൃഷ്‌ടി പ്രദേശങ്ങളും 545.92 ഹെക്‌ടർ ഉൾക്കൊള്ളുന്നു. വാഴാനി ഡാമുമായി ബന്ധിപ്പിക്കുന്ന കനാൽ 6540 മീറ്റർ നീളത്തിൽ വിവിധ വാർഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്നു. നെല്ല്, കുരുമുളക്, തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾ കർഷകരുടെ ഇച്ഛാശക്തികൊണ്ട് ഇപ്പോഴും നിലനിന്ന് പോകുന്നു. വനം കുടിയേറ്റ മേഖലകളിലും വയൽ നികത്തിയും റബ്ബർകൃഷി വ്യാപകമാകുന്ന കാഴ്‌ചയും കാണാം. കൃഷിയൊന്നും ചെയ്യാതെ ഉപയോഗശൂന്യമായി കിടക്കുന്ന വയലുകൾ ഏകദേശം 12.60 ഹെക്ട‌റാണ്.മണ്ണിന്റെ ഘടന, ഘനം, ഫലഭൂയിഷ്‌ടത, ചരിവിൻ്റെ തോത്, നീർവാഴ്‌ച തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തിലെ ഭൂപ്രദേശങ്ങളെ തരംതിരിക്കാം.കുറഞ്ഞ നീർവാഴ്ച്‌ചയും സ്വാഭാവിക ഫലഭൂയിഷ്‌ടതയും കണ്ടുവരുന്ന നിലവിലുള്ള നെൽപ്പാടങ്ങളും നികത്തിയവയും തരം 1ൽ പെടുന്നു. ഗ്രാമപഞ്ചായത്തിന്റെ 992.80 ഹെക്‌ടർ പ്രദേശം തരം 1ൽ പെടുന്നു.ഉയർന്നതും നീർവാഴ്‌ച കൂടുതലുള്ളതുമായ പ്രദേശം തരം 2ൽ പെടുന്നു. ഇത് ഏകദേശം 70.66 ഹെക്‌ടർ ആണ്.ഗ്രാമപഞ്ചായത്തിന്റെ 530.27 ഹെക്‌ടർ പ്രദേശം താരതമ്യേന പാറകളും ചെങ്കൽമണ്ണും ഇടകലർന്നതാണ്. ഇവിടങ്ങളിൽ മേൽമണ്ണിന്റെ ഘനം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്. മണ്ണൊലിപ്പിന്റെ ഭീഷണി വളരെ കൂടിയ ഒരു പ്രദേശമാണിത്. ഇത് തരം 3ൽ ഉൾപ്പെടുന്നു.സാധാരണ കൃഷിക്ക് ഉപയുക്തമല്ലാത്ത തരം 4ൽ പെടുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ 135.92 ഹെക്‌ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ വിസ്‌തൃതിയുടെ 36% വും ചരൽ കലർന്നതും കനം കുറഞ്ഞ മേൽ മണ്ണോട് കൂടിയതുമാണ്. തരം 5ൽ പെടുന്ന ഇത്തരം ഭൂമി ഏകദേശം 1976.03 ഹെക്‌ടർ പ്രദേശം ഉൾക്കൊള്ളുന്നു.തരം 6ൽ പെടുന്ന പാറ നിറഞ്ഞതും കൃഷിക്ക് ഉപയുക്തമല്ലാത്തതും കുറ്റിച്ചെടികൾ നിറഞ്ഞതുമായ ഏകദേശം 12.32 ഹെക്‌ടർ ഭൂമി കുണ്ടുകാട്, ചെമ്പോട്, ഊരോക്കാട്, തെക്കുംകര, വീരോലിപ്പാടം, പഴയന്നൂപ്പാടം എന്നിവിടങ്ങളിലായി കണ്ടുവരുന്നു.

പ്രധാന നീർത്തടം : കേച്ചേരി പുഴ (വടക്കാഞ്ചേരി പുഴ)

പ്രധാന നീർച്ചാൽ : വാഴാനി തോട്

ശരാശരി മഴ : 3392 സെ.മീ.

കൃഷിസ്ഥലം : 1630 ഹെക്ടർ

വനം : 2641.63 ഹെക്ടർ

കെട്ടിടങ്ങൾ മറ്റുള്ളവ : 249 ഹെക്ടർ

ഭൂഗർഭ ജലത്തിന്റെ താഴ്ച : 6.33 മീറ്റർ

ശരാശരി ചരിവ് : 12.3%

Map
  • Notification