ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്വാതന്ത്ര്യപൂർവ്വ രാജ്യഭരണത്തിൽ കഴിഞ്ഞിരുന്ന കൊച്ചിരാജ്യത്തിന്റെ പ്രവിശ്യയായ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്ന് 4 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പച്ചപട്ടുടുത്ത് പരന്നുകിടക്കുന്ന മനോഹരദേശമാണ് തെക്കുംകര ഗ്രാമപഞ്ചായത്ത്. മച്ചാട് എന്നറിയപ്പെടുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിന് സംഘകാല കൃതികളിൽവരെ പരാമർശമുണ്ട്. ഒട്ടനവധി പ്രാക് ചരിത്രസാമഗ്രികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും കൃത്യമായി പഠിക്കപ്പെടാത്തതുകൊണ്ട് ചരിത്രരേഖയായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ വാമൊഴി ചരിത്രത്തിൽ മച്ചാടിന്റെ ചരിത്രം സമ്പന്നമാണ്. രണ്ടാം ചേര സാമ്രാജ്യകാലത്തെ പെരുമാക്കൻമാരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതിന്റെ ശേഷിപ്പുകൾ ഇപ്പോഴും മച്ചാട് മലനിരകളിൽലഭ്യമാണ്. മച്ചാട് മലയിലെ വാഴാനി - വെള്ളാനി ഭാഗങ്ങളിലെ ചില സ്ഥല നാമങ്ങൾ ഉദാഹരണങ്ങളാണ്. നന്നങ്ങാടികളും, മുനിയറകളും ഇപ്പോഴും ഉണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനമായിരിക്കാം മച്ചാട് തിരുവാണിക്കാവിലെ കെട്ടുകുതിരവേല. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് മണ്ണുകൊണ്ട് നിർമ്മിച്ച വാഴാനി ഡാം ഗ്രാമത്തിന്റെ ജലസ്രോതസ്സാണ്. ഈഡാമിന്റെ കിഴക്കുഭാഗത്ത് ചേലക്കുണ്ട് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഒരു മൺചിറ ഉണ്ടായിരുന്നതിന്റെ തെളിവുകൾ ഇപ്പോഴും ശേഷിക്കുന്നു. പെരുംചിറ എന്നാണത് അറിയപ്പെടുന്നത്. അതുപോലെ ഇന്ന് വനമായി കിടക്കുന്ന ഓടക്കുന്ന് ഒരു കാലത്ത് കൃഷിയിടമായിരുന്നതിന്റെ അവശിഷ്‌ടങ്ങൾ ഉണ്ട്. ശാസ്ത്രീയമായ ചരിത്ര പര്യവേഷണത്തിനുവേണ്ട എല്ലാ സാധ്യതകളും ഈ ഗ്രാമത്തിൽ നിലവിലുണ്ട്. ഐക്യകേരളത്തിനു മുമ്പുതന്നെ തെക്കുംകര പഞ്ചായത്ത് നിലനിന്നിരുന്നു. 1953 വരെ ഇത് തൊട്ടടുത്ത ഗ്രാമമായ വടക്കാഞ്ചേരി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1962 - ലാണ് തെക്കുംകര പഞ്ചായത്ത് നിലവിൽ വരുന്നത്. കൊച്ചി രാജാവായ ശക്തൻതമ്പുരാന്റെ കാലത്തുതന്നെ മച്ചാട് പ്രശസ്‌തമായിരുന്നു. കൊച്ചിരാജാവിന്റെ സദസ്സിലെപ്രധാന കവിയും ജ്യോതിഷിയുമായിരുന്ന വിദ്വാൻ മച്ചാട്ടിളയതാണ് കൈക്കൊട്ടിക്കളിപ്പാട്ടിന്റെ ഉപജ്ഞാതാവ്. തിരുവാതിരയ്ക്ക് അന്തഃപുര സ്ത്രീകൾക്ക് തുടിച്ച് കുളിച്ച് കൈകൊട്ടി പാടി കളിക്കാൻ വേണ്ടി രാജാവിന്റെ നിർദ്ദേശപ്രകാരം എഴുതിയതാണിത്. അതുകൊണ്ട് കൈക്കൊട്ടിക്കളിപ്പാട്ട് എന്നും അതിനു പേരുണ്ട്. മച്ചാട്ടിളയതിന്റെ ഓർമ്മ നിലനിർത്തുന്നതിന് 'മച്ചാട്ടിളയത് സ്‌മാരക വായനശാലഎന്ന പേരിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വായനശാല തെക്കുംകരപഞ്ചായത്തിൽ പുന്നംപറമ്പ് ദേശത്ത് പ്രവർത്തിക്കുന്നുണ്ട്. 1962-ൽ തെക്കുംകര പഞ്ചായത്ത് നിലവിൽ വന്നെങ്കിലും 1963 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് 1964 ജനുവരി 1- ന് ശ്രീ. സി.ടി. തോമസ് പ്രസിഡന്റായി ആദ്യ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നത്. പ്രഥമ ഭരണസമിതിയിലെ അംഗങ്ങൾ: വാർഡ് 1 - പനങ്ങാട്ടുകരസി.ഇ. ഷെയ്ക്ക് ആലി ചേനോത്തുപറമ്പിൽവാർഡ് 2 - തെക്കുംകര,പി. അച്ചുതൻനായർ പാലിശ്ശേരിവാർഡ് 3 - പുന്നംപറമ്പ്സി.ടി. തോമസ് ചെറുവത്തൂർവാർഡ് 4- മലാക്കഎം.എം.അബ്രാഹം മാരിയിൽവാർഡ് 5 - മണലിത്തറടി. മാധവൻനായർ തച്ചതൊടിയിൽവാർഡ് 6- കരുമത്രഎം. ഗോപാലകൃഷ്ണ‌ൻനായർ (ബാലൻനായർ) മഠത്തിലാത്ത്വാർഡ് 7 - വിരുപ്പാക്കസി. രാമൻകുട്ടിനായർ ചേർന്നാട്ടിൽപനങ്ങാട്ടുകര എസ്.സി. സംവരണംഎം.കെ. നാരായണൻ വൈദ്യർമുണ്ടനാട് നോമിനേറ്റഡ് വനിതാമെമ്പർവി.കെ. കല്യാണി. കേരളത്തിന്റെ നവോത്ഥാന - ദേശീയ പ്രസ്ഥാനങ്ങളുടെ അലയടി ശക്തമായി പ്രതിഫലിപ്പിച്ച ഗ്രാമമാണ് മച്ചാട്. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങളുംസഹകരണ സംഘങ്ങളുംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉണ്ടാകണം എന്ന നെഹ്റുവിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് 1916 ജൂൺ 1-ാം തിയ്യതി ആദ്യ സ്‌കൂൾ സ്ഥാപിതമായി. വട്ടേക്കാട്നാരായണ മേനോൻ തുടങ്ങിയ ആ വിദ്യാലയം എയ്‌ഡഡ് സെൻട്രൽ സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. 1933-ലാണ് പഞ്ചായത്തിലെ ആദ്യത്തെ വായനശാല നിലവിൽ വന്നത്. 1949- ൽ ആദ്യത്തെ സർവ്വീസ് സഹകരണസംഘമായ 'അമ്പലപ്പാട് സർവ്വീസ് സഹകരണ സംഘംവി.ആർ. കൃഷ്‌ണനെഴുത്തശ്ശന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

         അങ്ങനെ ആധുനിക കേരളത്തിലേക്ക് മച്ചാട് ഗ്രാമവും ഒപ്പം നടന്നെത്തി. സ്വാതന്ത്ര്യസമരത്തിന്റെ അലയടികൾ ഈ ഗ്രാമത്തെയും ആവേശിച്ചു. അന്നത്തെ വിദ്യാർത്ഥികളായിരുന്ന ആർ.എം.മനയ്ക്കലാത്ത്നൊട്ടത്ത് ശങ്കരൻകുട്ടികെ.പി.എസ്. മേനോൻ എന്നീ മഹാത്മാക്കൾ സ്വാതന്ത്ര്യ സമരത്തിൻ്റെ ചൂടുംചൂരും ഗ്രാമത്തിലേക്ക് എത്തിച്ചു. മദ്യവർജ്ജന പ്രസ്ഥാനംഅന്ധവിശ്വാസ നിർമ്മൂലനം ഇവയ്ക്കെ‌ല്ലാം ഗ്രാമത്തിൽ നേതൃത്വം നല്‌കി. ആർ.എം. മനയ്ക്കലാത്ത് ദേശീയ നേതാവായി ഉയർന്നു. സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനുമായ ആർ.എം. മനയ്ക്കലാത്തിന്റെ ജീവചരിത്രം "ആർ.എം. മനയ്ക്കലാത്ത് ധിക്കാരത്തിന്റെ വ്രതശുദ്ധി" എന്ന പേരിൽ ഈനാട്ടുകാരിയും സാഹിത്യകാരിയുമായ ഡോ. റോസി തമ്പി എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ പുത്രനാണ് പ്രശസ്‌ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ വിലാസിനി എന്ന് അറിയപ്പെടുന്ന എം.കെ.മേനോൻ. അദ്ദേഹത്തിന്റെ അവകാശികൾ മലയാളത്തിലെ ഏറ്റവും വലിയ നോവൽ എന്നറിയപ്പെടുന്നു. ഇന്നും പ്രശസ്ത‌രായ എഴുത്തുകാരും നാടക പ്രവർത്തകരും കലാകാരന്മാരും ഉള്ള നാടാണ് തെക്കുംകര ഗ്രാമപഞ്ചായത്ത് എന്ന മച്ചാട്. വിലാസിനിയുടെ കാലടിപ്പാടുകൾ പിൻതുടർന്ന് നിരവധി മച്ചാട്ടുകാർ എഴുത്തിന്റെ വഴിയിൽസഞ്ചരിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയുടെ പൈതൃക തുടർച്ചക്കാരി ഡോ. റോസി തമ്പിനോവലുകളും കഥാസമാഹാരവും എഴുതിയിട്ടുള്ള ശ്രീമതി. അശ്വതി റോയ് അറയ്ക്കൽപട്ടാളജീവിത തനിമ സമ്പന്നമാക്കിയ എഴുത്തുകാരൻ ശ്രീ. പി.കെ.ജയറാംസഞ്ചാരസാഹിത്യവും ഒരു   എഴുതിയ ശ്രീ. തോമസ് എം. മാത്യുരണ്ട് കവിതാ സമാഹാരങ്ങളുടെ രചയിതാവായ ശ്രീ. ഉണ്ണികൃഷ്‌ണൻ വിരുപ്പാക്കഇതുവരെ ഏഴ് നോവലെഴുതി മച്ചാടിന്റെ അഭിമാനമായി ഉയർന്നുവരുന്ന ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ. രഘുനാഥ് പടാട്ടിൽമലയാള സാഹിത്യത്തിന് ചാരുത നല്‌കുന്ന നോവലുകളെഴുതിയ ഡോ. ശശീധരൻ കളത്തിങ്കൽഎട്ട് നോവലുകളെഴുതിയ നീതിന്യായാധിപൻ ശ്രീ. എ.എം. ബഷീർപ്രൊഫഷണൽ, അമേച്വർ നാടകരചനയിലും സംവിധാനത്തിലും നിറസാന്നിദ്ധ്യമായിരിക്കുന്ന ശ്രീ. ഇന്ദ്രൻ മച്ചാട്ശ്രീ. എം.പി. ശ്രീകൃഷ്ണൻ, തെക്കുംകരയിലെ കവയിത്രി ശ്രീമതി ദേവികറാണി തുടങ്ങിയവർ കലാസാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിൽ തനതായവ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളാണ്. ഇന്നും അവരുടെ സർഗ്ഗാത്മകത കൊണ്ട് നമ്മുടെ നാടിനെ സമ്പന്നമാക്കുന്നുണ്ട്. ഇനിയും ഉത്തമ സൃഷ്‌ടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആദ്യകാലം മുതൽ തന്നെ എല്ലാ ജാതി - മത വിഭാഗങ്ങളിലെ ജനങ്ങളും താമസിച്ചിരുന്ന ഗ്രാമമാണ് മച്ചാട്. ചെറുതുംവലുതുമായ ഹൈന്ദവാരാധനാലയങ്ങളും ക്രൈസ്‌തവ- മുസ്ലിം ദേവാലയങ്ങളും ഈ ഗ്രാമത്തിൽ ഉണ്ട്. എല്ലാ വിഭാഗം ജനങ്ങളും സൗഹൃദത്തോടെ ജീവിച്ചുപോരുന്ന അന്തരീക്ഷമാണ് ഈ കാർഷിക ഗ്രാമത്തിന്റേത്. മച്ചാട് മാമാങ്കം എന്നറിയപ്പെടുന്ന തിരുവാണിക്കാവ് അമ്പലത്തിലെ വേല ഗ്രാമത്തിന്റെ പൊതു ഉത്സവമായി എല്ലാമതവിഭാഗക്കാരും ആഘോഷിക്കുന്നു. പള്ളിപ്പെരുന്നാളുകളും (മച്ചാട് സെൻ്റ്. ആൻ്റണീസ് പള്ളികരുമത്ര ആരോഗ്യമാതാപള്ളി) അങ്ങനെതന്നെ കൊണ്ടാടുന്നു. ചെമ്പോട് ജുമാമസ്‌ജിദിന്റെ സാന്നിദ്ധ്യം മച്ചാട് ഗ്രാമത്തിന്റെ മുസ്ലിം സാഹോദര്യത്തിന്റെ അടയാളമാണ്. ജാതിമത രാഷ്ട്രീയഭേദമന്യേ മച്ചാട്ടുകാർ ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. പ്രവർത്തനമേഖലയിലെ തങ്ങളുടെ ഔന്നത്യംകൊണ്ട് ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിയവരാണ് കൊമ്പ് വാദ്യകലാകാരനായ മച്ചാട്ട് അപ്പുനായർനീതിന്യായ വ്യവസ്ഥയിൽ സത്‌കീർത്തിക്ക് പാത്രമായ ജസ്റ്റീസ് എം.പി. മേനോൻഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന മച്ചാട് നീലകണ്ഠ‌ൻ നമ്പീശൻമച്ചാട്ട് അപ്പുനായരുടെ ശിഷ്യനും കൊമ്പുവാദ്യകലയിൽ ആധികാരികമായ "ഗുരുദക്ഷിണഎന്ന പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ച കൊമ്പു വാദ്യ കലാകാരൻ മച്ചാട്ട്കണ്ണൻസംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്‌തനായ മദ്ദളപ്രമാണി പുരുഷോത്തമൻ പനങ്ങാട്ടുകരമേളപ്പെരുമയിൽ ശ്രദ്ധേയനായ രഞ്ജിത്ത് മച്ചാട്ശാസ്‌താംമ്പാട്ട് കലയിൽ ഗുരുസ്ഥാനീയനായ സുബ്രഹ്മണ്യൻ മച്ചാട് തുടങ്ങിയവർ തെക്കുംകരയുടെ തിളങ്ങുന്ന വ്യക്തിത്വങ്ങളാണ്. വിവിധ മതസ്ഥരും അവയുടെ അവാന്തര വിഭാഗങ്ങളും ഏറെ ഒരുമയോടെ ജീവിക്കുന്ന ഈ ഗ്രാമത്തിൽ പിന്നോക്കവിഭാഗത്തിൽപ്പെട്ട 1000 - ൽ താഴെ കുടുംബങ്ങളും മച്ചാട് മലകളിൽ താമസിക്കുന്ന 25- ൽ താഴെ കുടുംബങ്ങളും ഉണ്ട്. 

മച്ചാട് തിരുവാണിക്കാവിലെ വേല മഹോത്സവത്തിൽ കെട്ടുകുതിരയോടൊപ്പം തന്നെ നാടൻ കലകളായ പൂതൻകളിതിറ,കാളകളിനായാടിമൂക്കാൻ ചാത്തൻ എന്നീ കലാരൂപങ്ങളും ഉടുക്ക്ചെണ്ട മുതലായ വാദ്യ കലാരൂപങ്ങളും പ്രധാനമാണ്. മലയോര പ്രദേശമായതിനാൽ തന്നെ മലയിടിച്ചിൽകാട്ടുതീവെള്ളപ്പൊക്കം ഇവയ്ക്കെ‌ല്ലാം ഉള്ള സാധ്യത ഈഗ്രാമത്തിലും നിലനിൽക്കുന്നുണ്ട്. 2018 ആഗസ്റ്റിൽ ഉണ്ടായ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ഈ പഞ്ചായത്തിലെ പറമ്പായികുത്തുപാറ വാർഡുകളിൽ വലിയ ദുരന്തങ്ങൾ ഉണ്ടായി. മണ്ണിടിച്ചിലിൽ 19 പേർ മരണപ്പെട്ട കുറാഞ്ചേരി,പഞ്ചായത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. 55.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മച്ചാട് ഗ്രാമം ഉൾപ്പെടുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിൽ 2641.63ഹെക്ട‌ർ സംരക്ഷിത ഉഷ്‌ണമേഖല വനമാണ് (മച്ചാട് ഫോറസ്റ്റ് റേഞ്ച്). ഈ പ്രദേശത്ത് ഉണ്ടാകുന്ന കാട്ടുതീ പ്രദേശവാസികളുടെ കാർഷിക മൃഗസമ്പത്തിനെ സാരമായി ബാധിക്കാറുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ ഗ്രാമപഞ്ചായത്തിൽ ശരാശരി 3392 സെ.മീ. മഴ ലഭിക്കാറുണ്ട്. ജലസേചനത്തിനായിവാഴാനിപത്താഴക്കുണ്ട് എന്നീ രണ്ട് ചെറിയ അണക്കെട്ടുകൾ ഈ ഗ്രാമത്തിലുണ്ട്. പൊതുവെ വെള്ളപ്പൊക്ക ബാധിതപ്രദേശമല്ലെങ്കിലും 2018- ലെ വെള്ളപ്പൊക്കം വിരുപ്പാക്കവാഴാനി എന്നീ വാർഡുകളെ സാരമായി ബാധിച്ചു.ഗ്രാമം ഇന്നു കാണുന്ന ആധുനിക വികസനത്തിലേക്ക് നയിച്ചതിൽ കാലാകാലങ്ങളിൽ ഉണ്ടായ പഞ്ചായത്ത് ഭരണസമിതിയുടെയും ഉൽപ്പതിഷ്‌ണുക്കളായ നാട്ടുകാരുടെയും സേവനം സ്‌തുത്യർഹമാണ്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. സി.ടി. തോമസ്സി.ടി. ദേവസ്സിഎ.സി. മൊയ്‌തീൻഎ. മാധവൻഷെയ്ക്ക് അബ്‌ദുള്ളപി. രാധാകൃഷ്‌ണൻമേരിതോമസ്സുനിൽ ജേക്കബ്ബ്എം.കെ. ശ്രീജടി.വി. സുനിൽകുമാർ, ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീമതി.ശാന്ത ഉണ്ണികൃഷ്ണന്‍ തുടങ്ങി ആ കണ്ണികൾ തുടർന്നുകൊണ്ടിരിക്കുന്നു. മുൻ സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കുന്നംകുളം നിയോജകമണ്ഡലം എം.എല്‍.എയുമായ ശ്രീ.എ.സി.മൊയ്തീൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്മുൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഎം.എസ്. ഏല്യാമ്മ ടീച്ചർ എന്നിവർ ഈ ഗ്രാമത്തിന്റെ മക്കളാണ്. 1996-ൽ ആരംഭിച്ച പഞ്ചായത്ത് ജനകീയാസൂത്രണ വിഭാഗത്തിൻ്റെ 30 -ാം വർഷമാണിത്. ജനകീയാസൂത്രണത്തിന്ഈ പഞ്ചായത്തിൽ നേതൃത്വം നല്‌കിയ ശ്രീ. സി.ഇ. ഷെയ്ക്ക് അബ്ദു‌ള്ളശ്രീ. പി. രാധാകൃഷ്‌ണൻശ്രീമതി.മേരി തോമസ്, ശ്രീ.സുനിൽ ജേക്കബ്ബ്ശ്രീമതി എം.കെ. ശ്രീജ, ശ്രീ.ടി.വി.സുനില്‍കുമാര്‍ എന്നിവരുടെ ദിശാബോധത്തോടെയുള്ള നേതൃത്വപാടവം പ്രശംസനീയമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏറ്റവും നല്ല രീതിയിൽ നടന്നുവരുന്ന പഞ്ചായത്താണിത്. ഇന്ന് രാജ്യത്തിനകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം നേടി തൊഴിലെടുക്കുന്ന ധാരാളം വ്യക്തികൾ ഈ പഞ്ചായത്തിലുണ്ട്. പുതിയ കാലത്തിന്റെ വേഗത്തിലേക്ക് അതിവേഗം എന്നാൽ സൂക്ഷ്‌മതയോടെ കരുതലോടെ ദിശാബോധത്തോടെ പ്രവർത്തിക്കുന്ന ഒരു ഭരണസമിതിയാണ് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. തെക്കുംകര ഗ്രാമപഞ്ചായത്ത് ഇപ്പോൾ സ്വന്തമായി ഒരു വ്യവസായ പാർക്ക് ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ വളരെ ശക്തമായി സാന്നിധ്യമറിയിച്ച കുടുംബശ്രീയുടെ നേതൃത്വത്തിൽ LED ലൈറ്റുകളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പൂർവ്വികരുടെ എല്ലാ നന്മയും ഉൾക്കൊണ്ട് പുതിയ ലോകത്തേക്ക് ആവേശത്തോടെ മുന്നേറുകയാണ് ഇപ്പോൾ തെക്കുംകര ഗ്രാമപഞ്ചായത്ത്.